ഒറ്റിക്കൊടുത്തതിൽ വൈരാഗ്യം; അച്ഛനെയും മകനെയും സുഹൃത്തിനെയും ആക്രമിച്ചു: പ്രതിയെ പൊക്കി പോലീസ്
കൊട്ടിയം: പോലീസിന് ഒറ്റുനൽകിയെന്ന് ആരോപിച്ച് വീട്ടുടമയെയും മകനെയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തഴുത്തല കാവുവിള വയലിൽ പുത്തൻവീട്ടിൽ പൊട്ട എന്ന നിഷാദിനെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
ഉമയനല്ലൂർ പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ മനു, ഇയാളുടെ മകൻ അഭിമന്യു, അഭിമന്യുവിന്റെ സുഹൃത്ത് ഹാരിസ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. മനുവിനെ മർദ്ദിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച മകനെയും സുഹൃത്തിനെയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഷാദ്. രണ്ടാഴ്ച മുൻപ് കാപ്പാ കേസിൽ ഇയാളെ ജയിലിലടച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ ആക്രമണം നടത്തിയത്. നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടായിട്ടും ജാമ്യം നേടി പുറത്തിറങ്ങുന്നത് ഇയാളുടെ പതിവ് രീതിയാണെന്ന് പോലീസ് പറയുന്നു.