ചാക്കുകെട്ടുകൾ തിരികെയെടുക്കാൻ എത്തവേ അടിപൊട്ടി; ഹരിത കർമ സേനാംഗങ്ങളായ സ്ത്രീകളെ ആക്രമിച്ച കേസിൽ വയോധികനെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: ആറ്റിങ്ങൽ കാട്ടുംപുറം റോഡിൽ ഹരിത കർമ്മ സേനാംഗങ്ങളായ രണ്ടു സ്ത്രീകളെ മർദ്ദിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി രാജു (65) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.
ഹരിത കർമ്മ സേനാംഗങ്ങളായ ലത, രമ എന്നിവർ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ചാക്കിലാക്കി പാലസ് റോഡിന് സമീപം സൂക്ഷിച്ചിരുന്നു. ഈ ചാക്കുകൾ തിരികെ കൊണ്ടുപോകുന്നതിനിടെ രാജു അവിടേക്ക് വരികയും ചാക്കിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് രാജു ലതയെയും രമയെയും മർദ്ദിച്ചത്.
സംഭവത്തിനു ശേഷം രാജു സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞു. തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം പോലീസിൽ പരാതി നൽകി. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ജെ. അജയന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.