'ശെടാ..'; മോഷ്ടിച്ച ഫോൺ ഓഫാക്കാൻ മറന്നു..; മൂന്ന് മണിക്കൂറിനുള്ളിൽ കള്ളനെ പൊക്കി പോലീസ്; തട്ടിയെടുത്തത് തമിഴ്‌നാട്ടിൽ നിന്ന്
കഴക്കൂട്ടം: മോഷ്ടിച്ച മൊബൈൽ ഫോൺ ഓഫാക്കാൻ മറന്നതാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസിന് മുന്നിൽ കുടുക്കിയത്. കഠിനംകുളം പോലീസ് മൂന്നു മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്. വർക്കല റാത്തിക്കൽ സ്വദേശിയും കഠിനംകുളം പുതുക്കുറുച്ചി ഒറ്റപ്പന തെരുവിൽതൈവിളാകം വീട്ടിൽ താമസക്കാരനുമായ നസീഖാൻ (44) ആണ് പിടിയിലായത്.
തമിഴ്നാട് സ്വദേശിയായ സോമനെ (55) സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം സ്വർണ്ണവും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ പെരുമാതുറയ്ക്ക് സമീപം ആളൊഴിഞ്ഞ കായൽ തീരത്തുവെച്ചായിരുന്നു സംഭവം.
തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുവെച്ച് പരിചയപ്പെട്ട തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ സോമനെ പ്രതി തന്റെ ബൈക്കിൽ പെരുമാതുറ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് സോമനെ ക്രൂരമായി മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന 11 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷം കടന്നുകളയുകയുമായിരുന്നു.
വിവരം അറിഞ്ഞെത്തിയ കഠിംകുളം പോലീസ് എസ്.എച്ച്.ഒ. സജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടുമണിയോടെ വർക്കല തീരദേശത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.