പോലീസിനെ കണ്ടതും വെപ്രാളം; സംശയം തോന്നി പരിശോധിച്ചതും തൂക്കി; മാനന്തവാടിയിൽ കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
മാനന്തവാടി: ജില്ലയിൽ ലഹരി വസ്തുക്കൾക്കെതിരെയുള്ള പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മാനന്തവാടി പീച്ചങ്ങോട് വെച്ച് കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ അൽവാർ സ്വദേശി യോഗേഷ് (28) നെ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാനന്തവാടി പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. പോലീസ് സംഘത്തെ കണ്ടപ്പോൾ പരിഭ്രാന്തനായ യോഗേഷിനെ സംശയം തോന്നി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 13 പാക്കറ്റ് ഹാൻസും 58.61 ഗ്രാം കഞ്ചാവ് മിഠായികളും കണ്ടെത്തുകയായിരുന്നു.
സബ് ഇൻസ്‌പെക്ടർ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ പോലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.