ആന്ഡമാനില് ഹെലികോപ്റ്റര് കടലില് തകര്ന്നുവീണു; യാത്രികര് സുരക്ഷിതര്
By : സ്വന്തം ലേഖകൻ
Update: 2026-02-24 11:06 GMT
പോര്ട്ട് ബ്ലെയര്: ഏഴുപേരുമായി യാത്ര പുറപ്പെട്ട പവന് ഹാന്സ് ഹെലികോപ്റ്റര് ആന്ഡമാന് കടലില് തകര്ന്നു വീണു. യാത്രികരെല്ലാം സുരക്ഷിതരാണ്. ഹെലികോപ്റ്റര് കടലില് പതിച്ചയുടന് തന്നെ പ്രാദേശിക ബോട്ടുകളും കോസ്റ്റ് ഗാര്ഡും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ആരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരെയും ഉടന് തന്നെ കരയ്ക്കെത്തിച്ചു.
രാവിലെ 8.45ന് ശ്രീ വിജയപുരത്ത് (പോര്ട്ട് ബ്ലെയര്) നിന്ന് നോര്ത്ത് ആന്ഡമാനിലെ മായാബന്ദറിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റര്. റണ്വേയ്ക്ക് 300 മീറ്റര് അകലെ വെച്ചാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില് സിവില് ഏവിയേഷന് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.