അമ്പലത്തിന്റെ ഭണ്ഡാരം കവർന്ന് വീണ്ടും പണികിട്ടി; കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം കോഴിക്കോട്
കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ കോഴിക്കോട് സ്വദേശിയെ കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കരുവിശ്ശേരി സ്വദേശി ജോഷിത്ത് (30) ആണ് പിടിയിലായത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.
മാവൂർ, കാക്കൂർ, അത്തോളി, ബാലുശ്ശേരി, കുന്നമംഗലം, നടക്കാവ്, നല്ലളം, കൊണ്ടോട്ടി, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് ജോഷിത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇയാളെ കാപ്പ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത്.
എന്നാൽ, കാപ്പ നിയമം ലംഘിച്ച് ജോഷിത്ത് തലശ്ശേരി മഞ്ഞോടിയിലെ ഒരു അമ്പലത്തിന്റെ ഭണ്ഡാരം മോഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെത്തുടർന്നാണ് കാപ്പ നിയമം ലംഘിച്ചതിന്റെ പേരിൽ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ചേവായൂർ ഇൻസ്‌പെക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രൻ സമർപ്പിച്ച ശുപാർശ പ്രകാരമാണ് ജില്ലാ കളക്ടർ ഇയാളെ തടവിലിടാൻ ഉത്തരവിട്ടത്.