ബാറിലിരുന്ന് മദ്യപിച്ചിരിക്കെ മുഴുവൻ ശല്യം; അവിടെ വന്ന മറ്റ് യുവാക്കളുമായി വാക്കുതർക്കം; പിന്നാലെ 'ഹോക്കി സ്റ്റിക്ക്' പ്രയോഗം; തലയ്ക്ക് മാരക പരിക്ക്; 'ഡ്രാഗൺ അപ്പു'വിനെ കുടുക്കി പോലീസ്

Update: 2025-11-07 07:11 GMT

മാരാരിക്കുളം: മാരാരിക്കുളത്തെ ഒരു ബാറിൽ അതിക്രമിച്ചു കയറി മദ്യപിക്കാനെത്തിയ യുവാക്കളെ ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടും പ്രതിയായ 'ഡ്രാഗൺ അപ്പു' എന്ന അമൽ പയസിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്ക് മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 18-ൽ ചെത്തി പി.ഒ.യിൽ താമസിക്കുന്ന 27 വയസ്സുള്ള അമൽ പയസാണ് പോലീസ് പിടിയിലായത്.

ഒക്ടോബർ 30-ന് വൈകുന്നേരം 6:45-നാണ് സംഭവം നടന്നത്. ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കളുമായി പ്രതികളും സംഘവും വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തുടർന്ന്, ബാറിന് പുറത്തുവന്ന യുവാക്കളെ പ്രതികൾ പിന്തുടർന്നെത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രണ്ടാം പ്രതിയായ അമൽ പയസ് തന്റെ കയ്യിലുണ്ടായിരുന്ന ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചതിനെത്തുടർന്ന് എറണാകുളം സ്വദേശിയായ ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈവിരലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു.

സംഭവത്തിനുശേഷം ഒളിവിൽ പോയ അമൽ പയസിനെ നവംബർ 6-ന് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സബ്ബ് ഇൻസ്പെക്ടർ ചന്ദ്രബാബു, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ആർ.ഡി., അഭിലാഷ്, ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News