'സാറെ അത് ടൂൾ ബോക്സാണ്..'; ആ പറച്ചിലിൽ തന്നെ നല്ല സംശയം; പരിശോധിച്ചപ്പോൾ കൈയ്യോടെ പൊക്കി; രഹസ്യ അറയിൽ മുഴുവൻ ലഹരിമയം

Update: 2026-02-22 16:04 GMT

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ ലോറിയുടെ ടൂൾബോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വാണിജ്യ അളവിലുള്ള എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവത്തിൽ പള്ളിക്കുന്ന് ആനക്കുഴി സ്വദേശി ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട സ്വദേശി നിഖിൽ തോമസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം വെച്ചാണ് ലഹരിമരുന്ന് വേട്ട നടന്നത്.

മീനങ്ങാടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാൻസാഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. കെഎൽ 73 എഫ് 1089 നമ്പർ ലോറി സംശയകരമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ ഡ്രൈവറും സഹായിയും പരിഭ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, ഇളകിയ നിലയിലായിരുന്ന ടൂൾബോക്സിനുള്ളിൽ മറ്റൊരു ബോക്സിനുള്ളിലായാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

പിടികൂടിയവയിൽ 17.98 ഗ്രാം എംഡിഎംഎയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഉൾപ്പെടുന്നത്. മൈസൂരിലെ ബേഗൂരിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് സമ്മതിച്ചു. സ്വന്തം ആവശ്യങ്ങൾക്കും ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപന നടത്തുന്നതിനുമായാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നതെന്നും പോലീസ് വ്യക്തമാക്കി.

മീനങ്ങാടി എസ്.ഐ ഡി. മിഥുൻ, എ.എസ്.ഐ സുകുമാരൻ, സി.പി.ഒമാരായ അയ്യൂബ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വയനാട് ജില്ലയിൽ വാണിജ്യ അളവിൽ ലഹരിമരുന്ന് പിടികൂടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News