പകൽ സമയം ആക്രി പെറുക്കാനെത്തുമ്പോൾ സ്പോട്ട് നോക്കിവെയ്ക്കും; ആരും സംശയിക്കില്ല; പിന്നാലെ രാത്രി വീണ്ടുമെത്തി മോഷണം; പ്രതികളെ കൈയ്യോടെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-05-14 17:29 GMT
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി. സ്ഥാപനത്തിന്റെ വാതിലുകൾ പൊളിച്ച് അകത്തുകയറി സിസിടിവി ക്യാമറകൾ, മോട്ടോറുകൾ, കേബിളുകൾ ഉൾപ്പെടെ 2,25,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച അന്തര്‍ സംസ്ഥാന മോഷ്ടാക്കളെയാണ് കുറത്തികാട് പോലീസ് പിടികൂടിയത്.
പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷംസുർ (27), മുഹമ്മദ് സുമൻ (33) ഡൽഹി സ്വദേശിയായ മുഹമ്മദ് സൽമാൻ (29) എന്നിവരാണ് അറസ്റ്റിലായത്. മെയ് ഏഴാം തീയ്യതിയാണ് മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടന്നത്.
സർക്കിൾ ഇൻസ്പെക്ടർ പി.കെ മോഹിതിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കല്ലുമല മുതല്‍ കരുവാറ്റ വരെയുള്ള നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഒടുവിൽ തിരിച്ചറിഞ്ഞത്.