പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; വയോധികനെ കഠിന തടവിന് വിധിച്ച് കോടതി; പ്രതി ഇനി അഞ്ച് വർഷം അഴിയെണ്ണണം
കൊച്ചി: പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വയോധികന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുമാല്ലൂർ വെളിയത്തുനാട് അടുവാതുരുത്ത് മാമ്പ്ര ലക്ഷംവീട് കോളനി കിടങ്ങാപ്പിള്ളി പറമ്പിൽ ബഷീറി(66)നെയാണ് ശിക്ഷിച്ചത്.
പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി.കെ സുരേഷാണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. പിഴ തുക അടയ്ക്കാത്ത പക്ഷം 10 മാസം അധിക തടവ് അനുഭവിക്കണം.
2023 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. 13 വയസ്സുകാരി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിതാ ഗിരീഷ്കുമാറാണ് ഹാജരായത്.