മുടങ്ങിയ ശമ്പളം വിതരണം ചെയ്തു; 108 ആംബുലൻസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു; ആംബുലൻസ് സർവിസ് പുനരാരംഭിച്ചു
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ച വാർത്ത സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികൾക്കും ആശ്വാസമായി. സർക്കാറിന്റെ സൗജന്യസേവനമായ 108 ആംബുലൻസ് സർവിസുകൾ കഴിഞ്ഞ ആറ് ദിവസമായി സർവിസ് നിർത്തിവെച്ചിരുന്നു. ശമ്പളം മുടങ്ങാത്തിൽ പ്രതിഷേധിച്ചായിരുന്നു സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ സമരത്തിലായിരുന്നത്.സെപ്റ്റംബർ മാസത്തെ ബാക്കി ശമ്പളം വിതരണം ചെയ്തതോടെ രാത്രി എട്ട് മണിയോടെ 108 ആംബുലൻസ് സർവിസ് പുനരാരംഭിച്ചു.
നേരത്തെ, ദിവസങ്ങൾ പിന്നിട്ടിട്ടും സമരം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. പല അത്യാവശ്യ സാഹചര്യങ്ങളിലും രോഗികൾക്ക് സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടി വന്നു.ഒരു വിഭാഗം ജീവനക്കാർ സമരത്തിലായതോടെ 108 ആംബുലൻസുകളിൽ വളരെ കുറച്ച് മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്.
അത്യാവശ്യ ഘട്ടങ്ങളിൽ പോലും ആംബുലൻസുകൾ ലഭ്യമാകാതായതോടെ സംസ്ഥാന സർക്കാറിന്റെ ട്രോമാകെയർ സംവിധാനം താറുമാറായി. അത്യാഹിതങ്ങളിൽപെടുന്നവരെയും ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്ക് മാറ്റേണ്ടവരെയും കൊണ്ടുപോകുന്നതിന് സ്വകാര്യ ആംബുലൻസുകളെ പണം നൽകി ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.