വീട്ടിലെ ടാങ്ക്..കഴുകി വൃത്തിയാക്കണം; നീന്തൽ കുളങ്ങളിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിൽ ആശങ്ക; കർശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

Update: 2025-09-15 05:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മെനിഞ്ചൈറ്റിസ് പടരുന്ന സാഹചര്യത്തിൽ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാനത്തെ നീന്തൽക്കുളങ്ങൾക്കായി കർശന സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽക്കുളങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

രോഗം വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, നീന്തൽക്കുളങ്ങൾ വഴിയും രോഗം പകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ മാസം 27-നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന ഈ ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ മാസം ആക്കുളത്തെ നീന്തൽക്കുളത്തിൽ പതിനേഴുകാരന് രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടാഴ്ച മുൻപാണ് ഈ ഉത്തരവ് നിലവിൽ വന്നത്.

പ്രധാനമായും, നീന്തൽക്കുളങ്ങളിലെ ജലം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശത്തിലെ മുഖ്യാംശം. ഒരു ലിറ്റർ ജലത്തിൽ കുറഞ്ഞത് 0.5 മില്ലിഗ്രാം ക്ലോറിൻ അളവ് നിലനിർത്തണം. ഇത് സംബന്ധിച്ച വിശദാംശങ്ങൾ നിശ്ചിത രജിസ്റ്ററിൽ ദിവസവും രേഖപ്പെടുത്തണം. പഞ്ചായത്ത് സെക്രട്ടറിമാരോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോൾ ഈ രജിസ്റ്റർ പരിശോധനയ്ക്ക് ലഭ്യമാക്കണം.

റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ ചുമതലക്കാർ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, അതത് പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആഴ്ചതോറും ഈ സംവിധാനങ്ങൾ പരിശോധിച്ച് സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കണം. കേരള പൊതുജനാരോഗ്യ നിയമപ്രകാരം ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    

Similar News