സംസ്ഥാനത്ത് വീണ്ടും ഭീതി പടർത്തി അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന ചിറയിൻകീഴ് സ്വദേശിയായ വീട്ടമ്മ മരണത്തിന് കീഴടങ്ങി; രോഗബാധയുടെ ഉറവിടം വ്യക്തമല്ല; അതീവ ജാഗ്രത

Update: 2025-10-29 15:10 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ 77 കാരിയാണ് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരിച്ചത്. ഇവർ ഒരു മാസത്തോളമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

തലച്ചോറിനെ ബാധിക്കുന്നതും വളരെ അപൂർവവും എന്നാൽ ഗുരുതരവുമായ രോഗമാണ് അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്. പ്രധാനമായും ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് കാരണം. മലിനമായ ജലാശയങ്ങളിൽ, പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നു. ഇത് മെനിഞ്ചോഎൻസെഫലൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

ഈ രോഗം സ്ഥിരീകരിച്ചിട്ടും, സംസ്ഥാനത്ത് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. പാരിസ്ഥിതിക മാറ്റങ്ങൾ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ചോ രോഗം നിയന്ത്രിക്കാനുള്ള പഠനങ്ങളെക്കുറിച്ചോ വ്യക്തതയില്ല. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകൾ ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:    

Similar News