അധികൃത സ്വത്ത് സമ്പാദനം: വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് 1,90,000 രൂപ; എഎംവിഐയും നടനുമായ എം മണികണ്ഠന് സസ്പെന്‍ഷന്‍

എഎംവിഐയും നടനുമായ എം മണികണ്ഠന് സസ്പെന്‍ഷന്‍

Update: 2024-12-03 09:22 GMT

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിലെ എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ മാസം മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസര്‍കോടുള്ള വീട്ടിലും എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് 1,90,000 രൂപ പിടികൂടിയതിന് പിന്നാലെയാണ് നടപടി. ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്തെ വാടക വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണം പിടിച്ചത്. സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലും കാസര്‍കോട് ചെറുവത്തൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടന്നിരുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നിരവധി രേഖകളും, തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു പരിശോധന. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി.

അഞ്ചാം പാതിര, ജാനകീജാനെ, ആട് 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മണികണ്ഠന്‍.

Tags:    

Similar News