പഴയ വണ്ടി കാണിച്ചുതരാമെന്ന് പറഞ്ഞ് അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി മോശം പ്രവർത്തി; വിവരം ട്യൂഷൻ ടീച്ചറെ അറിയിച്ചതും കുടുങ്ങി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 വയസ്സുകാരനായ മധ്യവയസ്‌കൻ കോഴിക്കോട്ട് അറസ്റ്റിൽ. മലപ്പുറം കക്കാട് ബദരിയാ ഹൗസിൽ ബഷീർ (50) ആണ് ടൗൺ പോലീസിന്റെ പിടിയിലായത്. പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ സമീപത്തെ അപ്പാർട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
നഗരത്തിലെ ഒരു സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. പീഡനവിവരം കുട്ടി ട്യൂഷൻ ക്ലാസ്സിൽ വെച്ച് അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന്, അധ്യാപിക രക്ഷിതാക്കളെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ടൗൺ പോലീസ്, കോഴിക്കോട് ബീച്ച് പരിസരത്തുനിന്ന് ബഷീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗൺ ഇൻസ്പെക്ടർ സജീഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.