പ്രദേശത്തെ നടുക്കി തീയും പുകയും; ശ്രീ ഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ഗോഡൗണിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
By : സ്വന്തം ലേഖകൻ
Update: 2026-02-05 17:36 GMT
കൊച്ചി: പൂക്കാട്ടുപടി വയറോപ്സ് ജംഗ്ഷനിലെ ശ്രീ ഗോകുലം മൂവീസിന്റെ ഇൻഡോർ ചലച്ചിത്ര ചിത്രീകരണ സ്റ്റുഡിയോയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 11:30ഓടെയുണ്ടായ അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
ചിത്രീകരണത്തിന് ആവശ്യമായ ഡമ്മി ഉപകരണങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിച്ചിരുന്ന ഏകദേശം 500 ചതുരശ്രയടി വിസ്തീർണമുള്ള ഗോഡൗണിലാണ് തീ പടർന്നുപിടിച്ചത്. വിവരമറിഞ്ഞയുടൻ പട്ടിമറ്റം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.