ദുബായില്‍ കൊല്ലപ്പെട്ട ആനി മോള്‍ ഗിള്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും; നാട്ടിലെത്തിക്കുന്നത് രാത്രി ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനത്തില്‍

ദുബായില്‍ കൊല്ലപ്പെട്ട ആനി മോള്‍ ഗിള്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും

Update: 2025-05-15 10:04 GMT

ദുബായ് : കഴിഞ്ഞ ദിവസം ദുബായ് കറാമയില്‍ വെച്ച് കൊല്ലപ്പെട്ട ആനി മോള്‍ ഗിള്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. രാത്രി 10:20 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

ഈ കഴിഞ്ഞ മെയ് 4 നാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിന്‍ ലാല്‍ കുത്തി കൊലപ്പെടുത്തുന്നത്. കൃത്യ നിര്‍വഹണത്തിന് ശേഷം സുഹൃത്ത് തരപ്പെടുത്തി നല്‍കിയ ടിക്കറ്റുമായി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അബുദാബി എയര്‍പോര്‍ട്ടില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. നിലവില്‍ അബിന്‍ ലാല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.

ആനിയും അബിന്‍ലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് അബുദാബിയിലെ ബര്‍ജീല്‍ ഹോസ്പിറ്റലില്‍ ഓഫീസ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബിന്‍ ലാല്‍ ആനിയെ സന്ദര്‍ശക വിസയില്‍ അബുദാബിയില്‍ കൊണ്ടുവരുന്നത്.

ഇവിടെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ശേഷം ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ആനിക്ക് ജോലി ലഭിച്ചതോടെ ആനി കറാ മയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ആനി അബിനില്‍ നിന്നും അകല്‍ച്ച കാണിക്കുകയുമുണ്ടായി. ഇതോടെ ആനിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് അബിന്‍ സംശയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ആയിരിക്കാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗല്‍ സര്‍വീസസ് റീപാട്രിയേഷന്‍ ടീം അംഗം നിഹാസ് ഹാഷിം, എച്ച് ആര്‍ ഹെഡ് ലോയി അബു അംറ, ഇന്‍കാസ് യൂത്ത് വിംഗ് ദുബായ് ചാപ്റ്റര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.


Tags:    

Similar News