പാലം പണിയാൻ ചെലവാക്കിയത് കോടികൾ; വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടുകാർക്ക് ഒരു ഉപയോഗവുമില്ല; വെള്ളപ്പൊക്ക ഭീഷണി മാറാതെ ഗ്രാമം; കാരണം മറ്റൊന്ന്

Update: 2025-10-09 07:46 GMT

പട്ന: ആറ് കോടി രൂപ ചെലവഴിച്ച് നാല് വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ പാലം, സമീപന റോഡുകളുടെ അഭാവം മൂലം യാതൊരു പ്രയോജനവുമില്ലാതെ നശിക്കുന്നു. ബിഹാറിലെ കതിഹാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പസന്ത പാലമാണ് ലക്ഷക്കണക്കിന് രൂപ മുടക്കിയിട്ടും നാടിന് പ്രയോജനമില്ലാതെ കിടക്കുന്നത്.

പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ പാലം, വെള്ളപ്പൊക്ക സാധ്യതയുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഏകദേശം പന്ത്രണ്ടോളം ഗ്രാമങ്ങൾക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പാലത്തെ പ്രാദേശിക റോഡുകളുമായി ബന്ധിപ്പിക്കേണ്ട സമീപന റോഡുകളുടെ നിർമ്മാണം പൂർത്തിയാകാത്തതാണ് പ്രധാന പ്രതിസന്ധി.

2020 സെപ്റ്റംബർ 3-ന് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം 2021 സെപ്റ്റംബറിൽ പൂർത്തിയായിരുന്നു. എന്നാൽ, സമീപന റോഡുകൾക്കായി ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിൽ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാതെയാണ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിയതെന്ന് അവർ ആരോപിച്ചു. ഇതുമൂലം പാലം ഒരു 'വെള്ളാന'യായി മാറിയെന്നും അവർ കുറ്റപ്പെടുത്തി. നിലവിൽ, ചുറ്റിവളഞ്ഞാണ് ആളുകൾക്ക് യാത്ര ചെയ്യേണ്ടി വരുന്നത്.

Tags:    

Similar News