ഒരുലക്ഷം രൂപ നൽകാത്തതിൽ പ്രതികാരം; ലഹരിക്കടിമയായ മകൻ ഉമ്മയെ കുത്തിപരിക്കേല്‍പ്പിച്ചു; 21കാരൻ അറസ്റ്റിൽ
താമരശ്ശേരി: കൈതപ്പൊയിലില്‍ യുവാവ് ഉമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്. സംഭവത്തിൽ കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ പി.കെ. റനീസ് (21)നെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാതാവ് റസിയ(41) നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. അക്രമത്തിൽ റസിയയുടെ ഇടത് ഇടതുകൈക്കും തലയ്ക്കും മുഖത്തും പരിക്കേറ്റു. നരഹത്യാശ്രമത്തിനുള്ള വകുപ്പുള്‍പ്പെടെ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. റസിയയോട് ഒരുലക്ഷം രൂപയാണ് റനീസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാൻ ഉമ്മ നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് യുവാവ് അക്രമം നടത്തിയെന്നാണ് പരാതി. വീട്ടില്‍വെച്ച് മകൻ കൈകൊണ്ട് തലയ്ക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പിന്നാലെ കത്തികൊണ്ട് കഴുത്തിന് കുത്താന്‍ശ്രമിക്കുകയുമായിരുന്നെന്ന് റസിയ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കത്തികൊണ്ടുള്ള കുത്ത് തടുക്കവെ റസിയയുടെ ഇടതുകൈക്ക് പരിക്കേറ്റു. ഇയാളെ പിന്നീട് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. റനീസ് രണ്ടുതവണ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സതേടിയിട്ടുണ്ട്.