വാഹന പരിശോധനക്കിടെ യുവാവ് കാട്ടിലൂടെ നടന്നെത്തി; സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് വെടിയുണ്ടകൾ; താമരശ്ശേരിക്കാരൻ സുഹൈബ് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ പിടിയിൽ
മാനന്തവാടി: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ നിന്ന് 30 വെടിയുണ്ടകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി പുനൂർ സ്വദേശി സുഹൈബ് (40) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവം.
കർണാടക ഭാഗത്ത് നിന്ന് കാൽനടയായി വനമേഖലയിലൂടെ നടന്നുവരികയായിരുന്ന സുഹൈബിനെ ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥർ സംശയത്തെ തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 30 വെടിയുണ്ടകൾ കണ്ടെത്തി. തുടർന്ന് എക്സൈസ് സംഘം തിരുനെല്ലി പോലീസിന് വിവരം കൈമാറി.
പോലീസ് സ്ഥലത്തെത്തി സുഹൈബിനെ കസ്റ്റഡിയിലെടുക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ കണ്ടെത്തിയ വെടിയുണ്ടകളും പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ. ജോണി, എം.കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.