വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായി; പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി
By : സ്വന്തം ലേഖകൻ
Update: 2025-09-25 13:33 GMT
ആലപ്പുഴ: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായ പ്രതിക്ക് നാല് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ പ്രവീൺ ബാബുവാണ് കേസിലെ പ്രതി.
2018 ഒക്ടോബർ 1 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കക്ക് സമീപത്ത് വെച്ച് 33.060 ഗ്രാം ഭാരമുള്ള 60 നൈട്രോസെപ്പാം ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കുട്ടനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷാണ് ഗുളികകൾ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ കുട്ടനാട് സർക്കിൾ ഇൻസ്പെക്ടർ ബി. ബൈജു കുറ്റപത്രം സമർപ്പിച്ചു. പിഴ അടയ്ക്കാത്ത പക്ഷം പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.