കടുവയെ വെടിവെച്ചിട്ടില്ല; ശരീരത്തിലെ മുറിവുകള്‍ക്ക് ദിവസങ്ങളുടെ പഴക്കം; ഏറ്റുമുട്ടലില്‍ സംഭവിച്ചതാകാം: അരുണ്‍ സക്കറിയ
കടുവയെ വെടിവെച്ചിട്ടില്ല; ശരീരത്തിലെ മുറിവുകള്‍ക്ക് ദിവസങ്ങളുടെ പഴക്കം
കല്‍പ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചിട്ടില്ലെന്ന് വനംവകുപ്പ് ചീഫ് വെറ്റിറനറി സര്‍ജന്‍ അരുണ്‍ സക്കറിയ. ചത്തനിലയിലാണ് കടുവയെ കണ്ടെത്തിയത്. വെടിവെക്കാന്‍ കഴിയുന്ന ഒരു സാഹചര്യമല്ല ഇന്നലെ നിലവിലുണ്ടായിരുന്നതെന്നും അരുണ്‍ സക്കറിയ വ്യക്തമാക്കി. ഇന്നലെ രാത്രി 12.30ഓടെയാണ് കടുവയെ സ്‌പോട്ട് ചെയ്തത്. പുലര്‍ച്ചെ രണ്ടര വരെ കടുവയെ പിന്തുടര്‍ന്നിരുന്നു. രാവിലെ ആറരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടയതിന്റെ പരിക്കുകളാവും കടുവയുടെ ശരീരത്തിലുള്ളത്. ഈ പരിക്കുകള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നു അരുണ്‍ സക്കറിയ പറഞ്ഞു.
കടുവയെ വെടിവെച്ചിട്ടില്ലെന്ന് സി.സി.എഫ് ദീപയും അറിയിച്ചു. രാവിലെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും ദീപ കൂട്ടിച്ചേര്‍ത്തു. വയനാട് പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നരഭോജി കടുവയാണ് ചത്തതെന്നാണ് സംശയം. കൂടുതല്‍ പരിശോധനകള്‍ക്ക് മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ദൗത്യസംഘം കടുവയുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തെ കടുവ ആക്രമിച്ചു. സംഘാംഗം ജയസൂര്യയുടെ വലതു കൈയ്ക്ക് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കടുവ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.