സ്പാനര്‍ കൊണ്ടുള്ള അടിയേറ്റ് തലയ്ക്കും നടുവിനും പരുക്കേറ്റു; എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് നേരേ ആക്രമണം; വീടിന്റെ ജനല്‍ തകര്‍ത്തു; വാഹനം അടിച്ചുതകര്‍ത്തു; മുമ്പും ആക്രമണം ഉണ്ടായെന്ന് നന്ദന്‍
എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് നേരേ ആക്രമണം;
തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനാണു പരുക്കേറ്റത്. ഇന്നലെ രാത്രിയിലാണ് പേട്ടയിലെ വീടിന് നേരെ ആക്രമണം നടന്നത്. വീടിന്റെ ജനല്‍ തകര്‍ത്തു. നിര്‍ത്തിയിട്ട വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു.
സ്പാനര്‍ കൊണ്ടുള്ള അടിയില്‍ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നന്ദനും വീടിനും നേരെ രണ്ടാഴ്ച മുന്‍പും അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. രണ്ടു തവണ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസിനു പ്രതികളെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം.
കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോള്‍ മാസ്‌ക് ധരിച്ചെത്തിയ രണ്ടുപേര്‍ പിന്നില്‍നിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദന്‍ പറഞ്ഞു. പരാതിയില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.