വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു; വീട്ടുപകരണങ്ങൾ നശിപ്പിച്ചു; യുവാവിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി തട്ടികൊണ്ട് പോയി മർദ്ദിച്ചു; നാല് പേർ അറസ്റ്റിൽ
ആലപ്പുഴ: വീടുകളിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മഹാദേവിക്കാട് രഞ്ജിത്ത് (പപ്പു - 36), കാക്കച്ചിറ സൂരജ് (27), മോടത്ത് മൂട്ടിൽ അമൽ (29), പനച്ചപറമ്പിൽ പ്രവീൺ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഘം മഹാദേവിക്കാട്ടെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചത്. വീടിന്റെ ജനലുകൾ തല്ലിത്തകർക്കുകയും പാർക്ക് ചെയ്തിരുന്ന ബൈക്ക് നശിപ്പിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. അതേ ദിവസം, യുവാവിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി പുളിക്കീഴ് ധന്യ ഓഡിറ്റോറിയത്തിന് പുറകുവശത്തേക്ക് കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലും സൂരജ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ എസ്.ഐ. അജിത്ത്, എ.എസ്.ഐ. പ്രദീപ്, സീനിയർ സി.പി.ഒ.മാരായ സാജിദ്, ഇക്ബാൽ, പ്രജു, അനിൽ, സി.പി.ഒ. അനന്തപത്മനാഭൻ, ഹോം ഗാർഡ് പ്രസന്നകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.