ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിൽ പ്രതികാരം; അയൽവാസിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചു, കണ്ണാടി കൊണ്ട് തലയ്ക്ക് അടിച്ചു; തടയാൻ ശ്രമിച്ച ഭാര്യയെ ആക്രമിച്ചു; പ്രതി പിടിയിൽ
പാലക്കാട്: ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിനെ ചൊല്ലി അയൽവാസിയായ യുവാവിനെയും ഭാര്യയെയും വീട്ടിൽ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. മണ്ണുംകാട്ടിൽ സജിത്ത് (34)നെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരി വെള്ളിനേഴി പഞ്ചായത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് (40) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സെപ്തംബർ 10ന് രാത്രി 11 മണിയോടെയാണ് സംഭവം. അയൽവാസിയായ സജിത്ത്, സന്തോഷിനെ ഫോണിൽ വിളിച്ചിട്ടും എടുത്തിരുന്നില്ല. ഇതിന്റെ പ്രകോപനത്തിൽ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കൈകൾ കൊണ്ടും സ്റ്റീൽ വള കൊണ്ടും ക്രൂരമായി മർദ്ദിക്കുകയും, പിന്നീട് കണ്ണാടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സന്തോഷിന്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ അവരെയും സജിത്ത് ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് അറിയിച്ചു. സന്തോഷിന് തലയിലും കണ്ണിന് താഴെയും ഗുരുതരമായ പരിക്കുകളുണ്ട്.ചെർപ്പുളശ്ശേരി പോലീസ് സബ് ഇൻസ്‌പെക്ടർ ഷഹീബ് റഹ്മാന്റെ നേതൃത്വത്തിൽ സി പി ഒ അരുൺ, സി പി ഒ നവാസ് ഷരീഫ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.