ഓർഡർ ചെയ്ത ഗ്രിൽഡ് ചിക്കനും മന്തിയും കിട്ടാൻ അല്പം വൈകി; തർക്കിച്ച് നിന്നതും നല്ല ഇടിപൊട്ടി; ഹോട്ടലിന്റെ ചില്ലുകൾ അടക്കം അടിച്ച് തകർത്തു; പ്രതികളെ തപ്പി പോലീസ്

Update: 2026-01-01 16:48 GMT

കാസർകോട്: ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് കാസർകോട് തൃക്കരിപ്പൂരിലെ 'പോക്കോപ്' ഹോട്ടലിന് നേരെ വ്യാപക അക്രമം. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. ഇരുപത്തിയഞ്ചോളം വരുന്ന സംഘം ഹോട്ടലിന്റെ ചില്ലുകളും മറ്റ് സാധനങ്ങളും അടിച്ചു തകർക്കുകയും പുറത്ത് നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചന്തേര പോലീസ് അന്വേഷണം ഊർജിതമാക്കി.

രാത്രി 11 മണിയോടെ ഹോട്ടലിലെത്തിയ നാല് യുവാക്കളാണ് ആദ്യം പ്രശ്നങ്ങളുണ്ടാക്കിയത്. ഗ്രിൽ ചിക്കനും മന്തിയും ഓർഡർ ചെയ്ത ഇവർക്ക്, 15 മിനിറ്റ് താമസമുണ്ടാകുമെന്ന് ജീവനക്കാർ അറിയിച്ചിരുന്നു. എന്നാൽ, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ യുവാക്കൾ ബഹളം വെക്കുകയും പാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞുതകർക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഹോട്ടൽ ഉടമ കെ. ഷിഹാബുദ്ദീൻ പറഞ്ഞു. ഇതോടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഭയന്ന് ഓടിരക്ഷപ്പെട്ടു.

തുടർന്ന് ഷിഹാബുദ്ദീൻ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസ് സ്ഥലത്തെത്തി. പ്രശ്നമുണ്ടാക്കിയ നാല് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം വിട്ടയച്ചു. ഇതിന് പിന്നാലെ, ഏകദേശം അരമണിക്കൂറിനുള്ളിൽ ഇരുപത്തിയഞ്ചോളം വരുന്ന വലിയ സംഘം ഹോട്ടലിലേക്ക് മടങ്ങിയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഹോട്ടലിന്റെ ചില്ലുകളും മറ്റ് സാധനങ്ങളും തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. അക്രമത്തിൽ ഒരു ജീവനക്കാരന്റെ മൂക്കിന് സാരമായി പരിക്കേറ്റു. പുറത്തുനിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങളും ഇവർ തകർത്ത് രക്ഷപ്പെട്ടു. അക്രമത്തിന് പിന്നിൽ പയ്യന്നൂർ സ്വദേശികളായ യുവാക്കളാണെന്നാണ് പോലീസ് പറയുന്നത്. ഒളിവിൽപ്പോയ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

Tags:    

Similar News