മുൻവൈരാഗ്യം; വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും അടിച്ചുതകർത്തു; ജനൽചില്ലുകൾ എറിഞ്ഞുടച്ചു; ചുമരുകളിൽ രക്തക്കറ തേച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾ ഒളിവിൽ

Update: 2025-12-05 05:29 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ വീടിന് നേരെ ആക്രമണം നടത്തിയത് മുൻ വൈരാഗ്യത്തെ തുടർന്ന്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കോട്ടുകാൽ പുത്തളം ചാനൽകരയിൽ താമസിക്കുന്ന രാജശേഖരന്റെ വീടാണ് തകർത്തത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും അടിച്ചുതകർക്കുകയും ജനൽപ്പാളികൾ എറിഞ്ഞുടക്കുകയും ചെയ്ത അക്രമികൾ വീടിന്റെ ചുമരുകളിൽ രക്തം തേച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

സംഭവത്തിൽ രണ്ട് പേർക്കെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവാണെന്നാണ് വിവരം. നെല്ലിമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് രാജശേഖരൻ. പ്രദേശത്ത് നേരത്തെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ സംസാരിച്ചതിലുള്ള മുൻവൈരാഗ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഓട്ടോറിക്ഷ പൂർണ്ണമായി നശിപ്പിച്ച നിലയിലാണ്.

വീടിന് സമീപത്തെ കടയിൽ സൂക്ഷിച്ചിരുന്ന മകൻ്റെ ബൈക്കും അക്രമികൾ തകർത്തു. കോട്ടുകാൽ പുത്തളം അമ്പലംതട്ട് സ്വദേശി ഷാഹുൽരാജ്, ഇയാളുടെ സുഹൃത്ത് ശരത് എന്നിവർക്കെതിരെയാണ് കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിടെ ബഹളം കേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ അക്രമികൾ വധഭീഷണി മുഴക്കി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.

Tags:    

Similar News