വീടിനു മുന്നിൽ പാർക്ക് ചെയ്തതു ചോദ്യം ചെയ്തു; യുവാക്കള്‍ക്കുനേരെ കാറിടിച്ചുകയറ്റാന്‍ ശ്രമം; മൂന്ന് പേർക്ക് പരിക്ക്; സംഭവം തിരുവനന്തപുരത്ത്

Update: 2025-09-11 09:32 GMT

കിളിമാനൂർ: വീടിനു മുന്നിൽ പാർക്ക് ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാക്കൾളെ കാറിടിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല സ്വദേശികളായ ഷാനവാസ്, ആനന്ദ്, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. കാർ യാത്രക്കാർക്കെതിരെ വീട്ടുടമ വിനോദ് കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ കിളിമാനൂർ കുറവൻകുഴിയിലെ തട്ടുകടയ്ക്ക് സമീപമാണ് സംഭവം നടന്നത്. തട്ടുകടയിലെത്തിയ രണ്ടു കാറുകളിൽ ഒന്ന് സമീപത്തെ വിനോദ് കുമാറിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്നു. വീടിനു മുന്നിൽനിന്ന് വാഹനം അൽപം മാറ്റി നിർത്തണമെന്ന് വിനോദ് കുമാർ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

തുടർന്ന്, വിനോദ് കുമാറിന്റെ സുഹൃത്തുക്കളായ ഷാനവാസ്, വിഷ്ണു, ആനന്ദ് എന്നിവർ സ്ഥലത്തെത്തി തർക്കത്തിൽ ഇടപെട്ടു. ഇതിനിടെയാണ് ഇവർക്ക് നേരെ കാർ ഇടിച്ചുകയറ്റാൻ ശ്രമമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ യുവാക്കളെ ആദ്യം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറുകളിലുണ്ടായിരുന്നവർ അസഭ്യവർഷം നടത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News