മത്സ്യബന്ധനത്തിനിടെ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് നട്ടെല്ല് തകര്‍ന്നു; ഗുരുതരാവസ്ഥയിലായ മാലദ്വീപ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ച് അമൃത ആശുപത്രി

ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് നട്ടെല്ല് തകർന്നു; ജീവൻ രക്ഷിച്ച് ഡോക്ടർമാർ

Update: 2025-03-14 01:38 GMT

കൊച്ചി: മത്സ്യബന്ധനത്തിനിടെ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റു ഗുരുതരാവസ്ഥയിലായ മാലദ്വീപ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി. യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ എയര്‍ ലിഫ്റ്റ് ചെയ്തു കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രാത്രിയില്‍ കടലിനടിയിലെ മത്സ്യബന്ധനത്തിനിടെയാണു 32 വയസ്സുകാരനെ, അത്യന്തം അപകടകാരിയായ, ടൈഗര്‍ ഫിഷ് ഗണത്തില്‍പെടുന്ന ബറക്കുഡ മത്സ്യം കുത്തിയത്. കുത്തേറ്റു കഴുത്തിനു പിന്നിലായി നട്ടെല്ലു തകര്‍ന്നു. സുഷുമ്‌ന നാഡിക്കും ഗുരുതരമായി പരുക്കേറ്റു. മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങള്‍ സുഷുമ്‌ന നാഡിയില്‍ തറഞ്ഞു കയറിയ നിലയിലായിരുന്നു. ഇതോടെ യുവാവിന്റെ ഇടതുകയ്യും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു. ഇതോടെയാണ് അമൃത ആശുപത്രിയിലെത്തിച്ചത്. മരണ കാരണം വരെയായേക്കാവുന്നതാണ് ബറാക്കുഡ മത്സ്യത്തിന്റെ ആക്രമണം.

ശസ്ത്രക്രിയയിലൂടെ പത്തോളം പല്ലിന്റെ കഷ്ണങ്ങള്‍ എല്ലാം പുറത്തെടുത്തു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാല്‍വിന്‍ തോമസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ മത്സ്യത്തിന്റെ പല്ലുകള്‍ നീക്കം ചെയ്തു. യുവാവ് സുഖം പ്രാപിച്ചു വരികയാണ്. ആരോഗ്യനില മെച്ചപ്പെട്ടതോടെ യുവാവിനെ വാര്‍ഡിലേക്കു മാറ്റി. സുഷുമ്‌ന നാഡിയിലും നട്ടെല്ലിനും ഒരേ സമയം സങ്കീര്‍ണശസ്ത്രക്രിയ നടത്തിയതു ന്യൂറോ സര്‍ജറിയില്‍ അത്യപൂര്‍വമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

അതിവേഗം പായുന്ന ബറക്കുഡ മത്സ്യത്തിന്റെ ആക്രമണവും പൊടുന്നനെയാണ്. ഈ മത്സ്യത്തിന്റെ ആക്രമണത്തിനു ഒട്ടേറെ മാലദ്വീപ് സ്വദേശികള്‍ മുന്‍പും ഇരയായിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ ഇവരില്‍ പലരും വൈകാതെ മരണത്തിനു കീഴടങ്ങിയെന്നാണു വിവരം.

Tags:    

Similar News