സൗരോര്‍ജ വൈദ്യുതി വേലിയുടെ ബാറ്ററി മോഷ്ടിച്ചു വിറ്റു: മോഷ്ടിച്ചത് വനംവകുപ്പിന്റെയും വ്യക്തികളുടെയും ബാറ്ററികള്‍; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പോലീസ്
സൗരോര്‍ജ വൈദ്യുതി വേലിയുടെ ബാറ്ററി മോഷ്ടിച്ചു വിറ്റു
പത്തനംതിട്ട: വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാര്‍ ആമക്കുന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പും തദ്ദേശവാസികള്‍ കൃഷിയിടങ്ങളിലും സ്ഥാപിച്ചിരുന്ന സൗരോര്‍ജ വൈദ്യുതി വേലിയുടെ ബാറ്ററിയും മറ്റു സാധനങ്ങളും മോഷ്ടിച്ച് വില്‍പന നടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍. നീലിപിലാവ് പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ ജലാല്‍ എന്ന് വിളിക്കുന്ന അബ്ദുള്‍ ലത്തീഫ് (50), പ്ലാംകൂട്ടത്തില്‍ വീട്ടില്‍ സജീവ് (34)എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ബാറ്ററികള്‍ ആക്രിക്കടയിലും ബാറ്ററികടയിലുമായി വില്‍പ്പന നടത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ആക്രിക്കട, ബാറ്ററിക്കട എന്നിവിടങ്ങളില്‍ നിന്നുമായി രണ്ടു ബാറ്ററികള്‍ പോലീസ് വീണ്ടെടുത്തു.
വനംവകുപ്പ് സ്ഥാപിച്ചിരുന്ന സൗരോര്‍ജവേലിയുടെ 15000 രൂപയോളം വില വരുന്ന ബാറ്ററി, ചിറ്റാര്‍ സ്വദേശികളായ ദീപ്തി ഭവനില്‍ ബാലകൃഷ്ണ
പിള്ളയുടെ റബര്‍തോട്ടത്തിന് ചുറ്റുമുള്ള സൗരോര്‍ജ വേലിയുടെ 6000 രൂപയോളം വില വരുന്ന ബാറ്ററി, പുളിമൂട്ടില്‍ വീട്ടില്‍ സോമരാജന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന 7500 രൂപ വില വരുന്ന ബാറ്ററി എന്നിവയാണ് പ്രതികള്‍ മോഷ്ടിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആക്രി കടകളും ബാറ്ററി കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ ആയത്. അന്വേഷണ സംഘത്തില്‍ എ എസ് ഐ അനില്‍കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍,സുമേഷ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, പ്രണവ്, സജിന്‍ എന്നിവര്‍ പങ്കാളികളായി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ചിറ്റാര്‍ പോലീസ് അറിയിച്ചു.