കടലിൽവീണ പന്തെടുക്കുന്നതിനിടെ അപകടം; തിരയിൽപ്പെട്ട കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം; രണ്ടുപേരെ രക്ഷപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം തിരുവനന്തപുരത്ത്

Update: 2026-01-25 17:04 GMT

തിരുവനന്തപുരം: ബീമാപള്ളി തീരത്ത് കടലിൽ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് 16 വയസ്സുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് കൂട്ടുകാരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷപ്പെടുത്തി. ബീമാപള്ളി പുതുവൽ പുത്തൻവീട്ടിൽ ഷാജഹാന്റെയും നസീറ ബീവിയുടെയും മകൻ റിഹാൻ (16) ആണ് മരിച്ചത്.

ബീമാപള്ളി സ്വദേശിയായ സാജിത് (16), ചെറിയതുറ സ്വദേശിയായ ടിബിൻ (16) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മരിച്ച റിഹാനും രക്ഷപ്പെട്ട കുട്ടികളും ചെറിയതുറ റോസ് മിനി കോൺവെന്റിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്.

ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. ട്യൂഷൻ ക്ലാസിന് പോകുന്നതിന് മുമ്പ് മൂവരും ബീമാപള്ളി തയ്ക്കാപള്ളിക്ക് സമീപത്തെ തീരത്ത് പന്തുകളിക്കുകയായിരുന്നു. പന്ത് കടലിൽ തെറിച്ചുവീണതിനെത്തുടർന്ന് അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂവരും ശക്തമായ തിരയിൽപ്പെടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ബന്ധുക്കളും ചേർന്ന് സാജിതിനെയും ടിബിനെയും ഉടൻ രക്ഷപ്പെടുത്തി.

എന്നാൽ, തിരയിൽപ്പെട്ട റിഹാനെ അപ്പോൾ കണ്ടെത്താനായില്ല. തുടർന്ന് വിഴിഞ്ഞത്തുനിന്ന് ചിപ്പിത്തൊഴിലാളികളായ മുങ്ങൽ വിദഗ്ധരെ വിളിച്ചുവരുത്തി. ജാസ്മിൻ ഉൾപ്പെടെയുള്ള സംഘം നടത്തിയ തിരച്ചിലിൽ മണലിൽ പുതഞ്ഞ നിലയിൽ റിഹാനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Similar News