തേനിയില്‍ കരടി ആക്രമണം: കടമലക്കുണ്ട് ക്ഷേത്രപ്പാറയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു: മരിച്ച തോട്ടത്തില്‍ നാരങ്ങ പറിച്ചു കൊണ്ടിരുന്നവര്‍
തേനിയില്‍ കരടി ആക്രമണം
തേനി (തമിഴ്നാട്): കടമലക്കുണ്ടിന് സമീപം ക്ഷേത്രപ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വരുശുനാട് സ്വദേശികളായ മണികണ്ഠന്‍ (45), കറുപ്പയ്യ (55) എന്നിവരാണ് മരിച്ചത്. തോട്ടത്തില്‍ നിന്നും പറിച്ച നാരങ്ങ വാഹനത്തില്‍ കയറ്റാന്‍ മണികണ്ഠന്റെ തോട്ടത്തിലേക്ക് നടന്നു പോകുന്നതിനിടെയാണ് കരടിയുടെ ആക്രമണം.
ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ടനൂര്‍ വനംവകുപ്പും കടമലക്കുണ്ട് പൊലീസും കറുപ്പയ്യയുടെയും മണികണ്ഠന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തേനി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
കണ്ടമാനൂര്‍ വനംവകുപ്പും കടമലക്കുണ്ട് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടമലയ്ക്കുണ്ട്, വരുശുനാട് പ്രദേശത്ത് കരടി ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുന്നത് തുടര്‍ക്കഥയാണ്.കരടി ആക്രമണം മൂലം മലയോര ഗ്രാമത്തിലെ കര്‍ഷകര്‍ ഭീതിയിലാണ്. മലയോര ഗ്രാമങ്ങളിലെ കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ ഗൗരവമായ നടപടി സ്വീകരിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.