ക്രിസ്മസ് പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചെത്തിയ ഭീതി; പക്ഷിപ്പനിയിൽ പൊറുതിമുട്ടി കർഷകർ; കൂട്ടത്തോടെ കൊന്നൊടുക്കാനും തീരുമാനം; മുൻകരുതലുകൾ കൃത്യമായി പാലിക്കാനും നിർദ്ദേശം

Update: 2025-12-24 09:41 GMT

ആലപ്പുഴ/ കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലായി ആകെ 12 സ്ഥലങ്ങളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട എന്നിവയുൾപ്പെടെയുള്ള പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ അധികൃതർ തീരുമാനിച്ചു.

ആലപ്പുഴ ജില്ലയിൽ മാത്രം 19,811 പക്ഷികളെ ഇത്തരത്തിൽ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ക്രിസ്മസ് - പുതുവത്സര വിപണി ലക്ഷ്യമിട്ടു വളർത്തിയ പക്ഷികൾക്ക് രോഗം ബാധിച്ചതും അവയെ കൊന്നൊടുക്കേണ്ടി വരുന്നതും കർഷകർക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് നൽകുന്നത്.

ദേശാടനപ്പക്ഷികളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ഇടങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കാൻ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണവും മുൻകരുതലുകളും ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.


Tags:    

Similar News