നെടുമ്പാശ്ശേരിയിൽ ഇന്നും രണ്ട് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; സന്ദേശമെത്തിയത് വിമാനങ്ങൾ പുറപ്പെട്ട ശേഷം; യാത്രക്കാർ ഭീതിയിൽ; പൊറുതിമുട്ടി വ്യോമയാന മേഖല
എറണാകുളം: യാത്രക്കാരെ ഭീതിയിലാഴ്ത്തി നെടുമ്പാശ്ശേരിയിൽ ഇന്നും വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയിൽ നിന്നും നേരിട്ട് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനും, ഇൻഡിഗോയുടെ ബംഗളരു വിമാനത്തിനുമാണ് വ്യാജ ഭീക്ഷണി സന്ദേശം എത്തിയത്. വിമാനങ്ങൾ പുറപ്പെട്ട ശേഷമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ എയർപോർട്ട് അധികൃതർ വട്ടം കറങ്ങി.
ഇൻഡിഗോ വിമാനം ലക്നൗവിൽ ഇറങ്ങിയപ്പോൾ തന്നെ പരിശോധന നടത്തി. രാത്രി ഒമ്പത് മണിക്ക് വിമാനം ഇനി തിരികെയെത്തും തുടർന്ന് വീണ്ടും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ഭീഷണി വ്യാജമാണെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും വ്യാജമെന്നാണ് സിയാൽ വൃത്തങ്ങൾ വിശദികരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിൽ അധികം വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. തുടർച്ചയായി ഇ മെയിൽ, എക്സ് അക്കൗണ്ടുകൾ വഴിയാണ് ഭീഷണികൾ വരുന്നത്.
സംഭവത്തിൽ ദുരൂഹത തുടരുന്നതിനൊപ്പം പിന്നിലാരെന്ന അന്വേഷണവും ഇപ്പോഴും തുടരുകയാണ്. വ്യാജ ഭീക്ഷണി സന്ദേശം അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുമ്പോഴും ഭീഷണികൾക്ക് കുറവില്ലെന്നതും ഒരു സത്യമാണ്.എന്തായാലും ഇതിനൊക്കെ പിന്നിൽ ആരെന്ന അന്വേഷണം ഇടവേളകളില്ലാതെ ഇപ്പോഴും തുടരുകയാണ്.