ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജി വച്ചു; രാജിക്ക് പിന്നില്‍ കുടുംബപരമായ കാരണങ്ങള്‍

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജി വച്ചു; രാജിക്ക് പിന്നില്‍ കുടുംബപരമായ കാരണങ്ങള്‍

Update: 2026-01-14 11:37 GMT

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജി വച്ചു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നു ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സണ്‍ ഡോ. വി.വേണു വ്യക്തമാക്കി.

2025 ഡിസംബര്‍ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാര്‍ച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയില്‍ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്.

Tags:    

Similar News