'ബ്രോസ്റ്റഡ് ചിക്കൻ' തീർന്നതിന്റെ പേരിൽ സംഘർഷം; ചായക്കട ഉടമയെ മർദിച്ച സംഭവം; അഞ്ചുപേർക്കെതിരെ കേസെടുത്തു
കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ ചായക്കട ഉടമയെയും ജീവനക്കാരനെയും മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ കേസെടുത്തു. ഷാമിൽ, നിഖിൽ, ഗഫൂർ, ഫാറൂഖ്, ജമാൽ എന്നിവർക്കെതിരെയാണ് കേസ്. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലായിരുന്നു അക്രമം നടന്നത്. അഞ്ചുപേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു.
അര്‍ധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോയെന്ന് സംഘം ചോദിക്കുകായിരുന്നു. ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതരാവുകയായിരുന്നുവെന്നും ആദ്യം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും പിന്നീട് മറ്റു രണ്ടുപേര്‍ കൂടി മര്‍ദ്ദിച്ചുവെന്നും കട ഉടമ വ്യക്തമാക്കി.
കട ഉടമ പൂനൂര്‍ സ്വദേശി സയീദിനെയും ജീവനക്കാരൻ ആസാം മെഹദി ആലത്തിനുമാണ് മര്‍ദനമേറ്റത്. കട ഉടമയുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ദൃശ്യങ്ങളും പതിയുകയും ചെയ്തിട്ടുണ്ട്.