ബസ് ഓടിക്കവേ ഡ്രൈവറുടെ കാലിലെ മസിൽ വലിഞ്ഞു കയറി; വേദന സഹിക്കാൻ പറ്റിയില്ല; പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ബസ് വീടിന്‍റെ മതിൽ തകർത്തു; ആർക്കും പരിക്കില്ല; ഒഴിവായത് വൻ അപകടം
തിരുവനന്തപുരം: നിയന്ത്രണം തെറ്റി എത്തിയ സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നു അപകടം. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപം ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. ആയൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറുടെ കാലിലെ മസിൽ വലിഞ്ഞതോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലും വീടിന്‍റെ മതിലിലും ഇടിച്ചു നിന്നത്. അപകട സമയത്ത് ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. മിനി പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ബസ് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നത്.
ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ചില്ലുകളും മുൻഭാഗവും തകർന്നു. പിക്കപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.