ബസ് ജീവനക്കാരൻ ലഹരി ഉപയോഗിച്ചതായി യാത്രക്കാരിക്ക് സംശയം; പരിശോധനയിൽ സീറ്റിനടിയിൽ കഞ്ചാവ്; ഡ്രൈവർ പിടിയിൽ
കുന്ദമംഗലം: യാത്രക്കാരി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ കഞ്ചാവ് സൂക്ഷിച്ച സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. കൊടുവള്ളി സ്വദേശി ഷവിൻലാൽ (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.
തിരുവമ്പാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ചൈത്രം' ബസ് ഡ്രൈവർ ലഹരി ഉപയോഗിച്ചതായി സംശയം തോന്നിയ ഒരു സ്ത്രീ കുന്ദമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് മുക്കം റോഡ് ജങ്ഷനിൽ വെച്ച് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തി. ബസ് ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടു ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി.
സംഭവത്തെ തുടർന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവർക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐമാരായ നിതിൻ, ടി. ബൈജു, എസ്.സി.പി.ഒ. വിപിൻ എന്നിവർ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.