'ആ വാവര്‍ മുസ്ലിം ആക്രമണകാരിയാണ്; അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്'; വിവാദ പ്രസംഗത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദക്കെതിരെ കേസ്
വിവാദ പ്രസംഗത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദക്കെതിരെ കേസ്
പന്തളം: പന്തളത്ത് വച്ച് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ വാവര്‍ സ്വാമിയെ തീവ്രവാദിയാക്കി പരാമര്‍ശിച്ചുള്ള വിവാദ പ്രസംഗത്തില്‍ പോലീസ് കേസെടുത്തു. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പന്തളം രാജകുടുംബാംഗമായ എ ആര്‍ പ്രദീപ് വര്‍മയുടെ പരാതിയിലാണ് നടപടി. സംഘ്പരിവാര്‍ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ ശാന്താനന്ദ നടത്തിയ പ്രസംഗത്തിന്മേലാണ് പരാതി.
'വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര്‍ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല'- എന്നുമാണ് ശാന്താനന്ദ പറഞ്ഞത്.
വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാക്കണം. അതിന് വേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്. വാപുരനെ കൊണ്ടുവന്ന് വാവരുടെ അമ്പലം തകര്‍ക്കണമെന്നും ശാന്താനന്ദ പറഞ്ഞു.
മതസ്പര്‍ദയും വിദ്വേഷവും പരത്തുന്ന പ്രസംഗമാണ് ശാന്താനന്ദയുടേത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ ശബരില സംരക്ഷണ സംഗമവുമായി മുന്നോട്ടുവന്നത്.