ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ വംശീയ അധിക്ഷേപം; നടന്‍ ജയകൃഷ്ണനെതിരെ പോലീസ് കേസ്
തിരുവനന്തപുരം: നടന്‍ ജയകൃഷ്ണനെതിരെ പോലീസ് കേസ്. വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെയാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാക്സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖ് നല്‍കിയ പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ഉര്‍വ പൊലീസാണ് ജയകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മംഗളൂരുവില്‍ ജയകൃഷ്ണനും സുഹൃത്തുക്കളും യാത്രയ്ക്കായി ഊബര്‍ ടാക്സി ബുക്ക് ചെയ്തപ്പോഴാണ് സംഭവം നടന്നത്. ഡ്രൈവര്‍ പിക്കപ്പ് സ്ഥലത്തെക്കുറിച്ച് സ്ഥിരീകരിക്കാന്‍ ബന്ധപ്പെടുമ്പോള്‍, ജയകൃഷ്ണന്‍ ഹിന്ദിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതായും പിന്നീട് മലയാളത്തില്‍ അധിക്ഷേപകരമായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു. ചോദ്യം ചെയ്തപ്പാള്‍ അയാള്‍ വീണ്ടും അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 352, 353(2) പ്രകാരം കേസെടുത്തിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവം അന്വേഷിക്കാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.