ആലുവ മെട്രോ പില്ലറിനുള്ളിൽ നിന്ന് ഒരു ദയനീയ നോട്ടം; ഞൊടിയിടയിൽ ഫയർഫോഴ്‌സ് പാഞ്ഞെത്തി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് ചാടി; പൂച്ചയുടെ കാലിന് പരിക്ക്
കൊച്ചി: ആലുവയിൽ മെട്രോ തൂണിന് മുകളിൽ കുടുങ്ങിക്കിടന്ന പൂച്ചയെ അഗ്നിരക്ഷാസേനയുടെയും അനിമൽ റെസ്ക്യൂ ടീമിന്റെയും സംയുക്ത പ്രവർത്തനത്തിലൂടെ കണ്ടെത്തി. അഞ്ച് ദിവസത്തോളം 29-ാം നമ്പർ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിക്കിടന്ന പൂച്ചയെ താഴെയിറക്കാനുള്ള ശ്രമങ്ങൾ മണിക്കൂറുകളോളം നീണ്ടു.
പ്രദേശവാസികളാണ് പൂച്ചയെ തൂണിന് മുകളിൽ കണ്ടതിനെ തുടർന്ന് ആദ്യം വിവരം നൽകിയത്. ആദ്യ ദിവസങ്ങളിൽ ഭക്ഷണം നൽകി പൂച്ചയെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇവർ അനിമൽ റെസ്ക്യൂ ടീമിനെ വിവരമറിയിക്കുകയും അവരുടെ ശ്രമങ്ങളും വിഫലമാകുകയും ചെയ്തതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ക്രെയിൻ ഉപയോഗിച്ച് പൂച്ചയുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്നതിനിടെയാണ് പൂച്ച താഴേക്ക് ചാടിയത്. ഉയരത്തിൽ നിന്ന് ചാടിയതിനെ തുടർന്ന് പൂച്ചയുടെ കാലിന് പരിക്കേറ്റു. ഉടൻതന്നെ സ്ഥലത്തെത്തിയ അനിമൽ റെസ്ക്യൂ ടീം പൂച്ചയെ ഏറ്റെടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയി. നിരവധി മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പൂച്ചയെ കണ്ടെത്താനും സംരക്ഷിക്കാനും കഴിഞ്ഞത്.