ഭിന്നശേഷി നിയമനം; സർക്കാർ അംഗീകാരം നൽകാത്തതിൽ കത്തോലിക്ക മാനേജ്മെന്റുകൾ പ്രതിഷേധത്തിൽ; റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമനം നടത്തിയില്ലെന്നും പരാതി

Update: 2025-10-04 07:42 GMT

ആലപ്പുഴ: ആലപ്പുഴ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ മറ്റ് നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകാത്തതിൽ കത്തോലിക്ക മാനേജ്‌മെന്റുകൾ കടുത്ത പ്രതിഷേധത്തിൽ. ഭിന്നശേഷി സംവരണ ഒഴിവുകൾ സംബന്ധിച്ചുള്ള തർക്കമാണ് ഇതിന് കാരണം. മാനേജ്‌മെന്റുകൾ റിപ്പോർട്ട് ചെയ്ത ഭിന്നശേഷി ഒഴിവുകൾ സോഫ്റ്റ്‌വെയറിൽ കൃത്യമായി ലഭ്യമായിരിക്കെ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സർക്കാർ തങ്ങളുടെ നിയമന അംഗീകാരം തടയുകയാണെന്ന് അവർ ആരോപിക്കുന്നു.

ഭിന്നശേഷി സംവരണ സീറ്റുകൾ മാറ്റിവെച്ച ശേഷം മറ്റ് തസ്തികകളിൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന് സുപ്രീം കോടതി എൻ.എസ്.എസ്. ഹർജിയിൽ വിധിച്ചിരുന്നു. സമാന പരാതിയുള്ള മറ്റ് ഏജൻസികൾക്കും ഈ വിധി ബാധകമാക്കാമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, സർക്കാർ ഈ വിധി എൻ.എസ്.എസിന് മാത്രമായി ചുരുക്കി ഉത്തരവിറക്കിയെന്നാണ് കത്തോലിക്ക മാനേജ്‌മെന്റുകളുടെ നിലപാട്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ നാലുമാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് മാനേജ്‌മെന്റുകളുടെ ആവശ്യം സർക്കാർ തള്ളിയത്.

ഭിന്നശേഷി സംവരണത്തെച്ചൊല്ലി നിലവിൽ പതിനായിരത്തോളം നിയമനങ്ങൾ അംഗീകാരം ലഭിക്കാതെ കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടിയിരിക്കെ, ഇതിൽ ആയിരത്തി അഞ്ഞൂറെണ്ണം മാത്രമേ മാറ്റി വെച്ചിട്ടുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. എന്നാൽ, ഇത് പൂർണ്ണമായും തെറ്റാണെന്ന് കെ.സി.ബി.സി. എജ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ പ്രതികരിച്ചു. കെ.സി.ബി.സി. കൺസോർഷ്യത്തിലെ 107 അംഗങ്ങളും ഭിന്നശേഷി ഒഴിവുകൾ സോഫ്റ്റ്‌വെയറിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇങ്ങനെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ സർക്കാർ പൂർണ്ണമായും നിയമനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശ്ശേരി അതിരൂപത 51 ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്തെങ്കിലും 21 നിയമനങ്ങൾക്ക് മാത്രമേ അംഗീകാരം ലഭിച്ചിട്ടുള്ളൂ. തൃശൂർ അതിരൂപത 80 ഒഴിവുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 27 നിയമനങ്ങൾക്ക് മാത്രമാണ് അനുമതി കിട്ടിയത്. കൃത്യമായ വിവരം നൽകിയ മാനേജ്‌മെന്റുകളുടെ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ ആവശ്യപ്പെട്ടു. 

Tags:    

Similar News