രൂപമാറ്റത്തോടെയുള്ള ജനനം; ആലപ്പുഴയിലെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് ഒരു മാസം: ജോലിക്ക് പോലും പോവാനാവാതെ ദുരിതത്തിലായി മാതാപിതാക്കള്‍

രൂപമാറ്റത്തോടെയുള്ള ജനനം; ആലപ്പുഴയിലെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് ഒരു മാസം

Update: 2025-02-18 03:03 GMT

ആലപ്പുഴ: അസാധാരണ രൂപമാറ്റത്തോടെ ആലപ്പുഴയില്‍ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് ഒരു മാസം. ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയില്‍ ആശുപത്രി വരാന്തയില്‍ കാത്തിരിക്കുകയാണ് ഒരു അച്ഛനും അമ്മയും. ജോലിക്ക് പോവാതെ മറ്റു മക്കളുടെ കാര്യങ്ങളും ഉപേക്ഷിച്ച് ഒരു മാസമായി ഈ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍.

കുഞ്ഞ് ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ ഏറെ സമയമെടുക്കുമെന്നുമാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ, ഊണും ഉറക്കവുമില്ലാതെയും ജോലിക്കുപോകാതെയും എത്രനാള്‍ അവര്‍ ഇങ്ങനെ കാത്തിരിക്കും? ഇപ്പോഴും ആര്‍ക്കും വ്യക്തമായ മറുപടിയില്ല. ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ചാണ് ഇപ്പോഴും ശ്വസിക്കുന്നത്. കുഞ്ഞിന് ന്യുമോണിയ വിട്ടുമാറിയിട്ടില്ല. കുഞ്ഞ് ജനിച്ച നാള്‍മുതല്‍ തുടങ്ങിയതാണ് ഈ ദുരിതം. 2024 നവംബര്‍ എട്ടിനായിരുന്നു ജനനം. മൂന്നുമാസം കഴിഞ്ഞിട്ടും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ല. കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഇടയ്ക്കിടെ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു.

എങ്കിലും രൂപമാറ്റത്തോടെ പിറന്ന തങ്ങളുടെ കുഞ്ഞ് എന്നെങ്കിലുമൊരിക്കല്‍ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍. കുഞ്ഞ് ജനിച്ചനാള്‍മുതല്‍ പിതാവിനു ജോലിക്കുപോകാന്‍ കഴിഞ്ഞിട്ടില്ല. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ആശുപത്രിയില്‍ മാതാപിതാക്കളുടെ വിശപ്പകറ്റുന്നത്. ഇവര്‍ക്ക് വേറെയും മക്കളുണ്ട്. എ്ന്നാല്‍ ഈ കുഞ്ഞുമായി ആശുപത്രിയിലായതോടെ മറ്റ് മക്കളുടെ കാര്യവും ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല.

കഴിഞ്ഞമാസം 15-ന് ശ്വാസംമുട്ടലിനെത്തുടര്‍ന്നാണ് കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. 17-ന് തിരുവനന്തപുരം എസ്.എ.ടി.യിലേക്കു മാറ്റി. ഏറെ ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്റര്‍ പിന്നീട് മാറ്റിയെങ്കിലും തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്.

Tags:    

Similar News