ഒരു പകല്‍ മുഴുവന്‍ വൈദ്യ സഹായം നിഷേധിച്ചു; ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരിക്കാന്‍ കാരണം വൈദ്യസഹായം വൈകിയതും, ഷാള്‍ കുരുങ്ങിയതും, ശ്വാസം മുട്ടിച്ചതും മൂലം; ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മസ്തിഷ്‌ക്ക മരണം സംഭവിച്ചു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Update: 2025-02-01 23:59 GMT

കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരിക്കാന്‍ കാരണം കഴുത്തില്‍ ഷാള്‍ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും ശ്വാസം മുട്ടിച്ചതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടും ക്രൂരതക്കൊടുവില്‍ സഹികെട്ട് ഷാളില്‍ കുരുക്കിട്ട് പെണ്‍കുട്ടി ഫാനില്‍ തൂങ്ങി മരിക്കാനൊരുങ്ങി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിച്ചതോടെയാണ് ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ഷാളില്‍ തൂങ്ങിയത്. ഒരു പകല്‍ മുഴുവന്‍ വൈദ്യ സഹായം നിഷേധിച്ചതും ജീവന്‍ അപകടത്തിലാക്കി.

വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ പെണ്‍കുട്ടിക്ക് മസ്തിഷ്‌ക്ക മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി ചോറ്റാനിക്കര എസ്എച്ച്ഒ കെ.എന്‍. മനോജ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വീട്ടില്‍ എത്തിച്ചത്, ബന്ധുക്കളും കൂട്ടുകാരുമെല്ലാം 19കാരിയെ അവസാനമായി കണ്ടു.

മൂന്നരയോടെ മൃതദേഹം തൃപ്പൂണിത്തുറ നടമേല്‍ മാര്‍ത്താ മറിയം പള്ളിയില്‍ എത്തിച്ചു. അര മണിക്കൂറോളം നീണ്ട പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം കുടുംബ കല്ലറയിലടക്കി. പഠിക്കാന്‍ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ട പെണ്‍കുട്ടി പത്താംക്ലാസ് വരെ സ്‌പെഷ്യല്‍ സ്‌കൂളിലായിരുന്നു. 2022 ല്‍ അമേരിക്കയില്‍ നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്ന് വെങ്കല മെഡലും നേടിയിരുന്നു.

ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്താണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകള്‍ വിശ്വസിച്ച് അമ്മയോട് പോലും പെണ്‍കുട്ടി തര്‍ക്കിച്ചിരുന്നു.

തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തത്. ആദ്യം ലൈക്കടിച്ചും തുടര്‍ന്ന് ഫോളോ ചെയ്തും മെസേജുകള്‍ അയച്ചും തുടങ്ങിയ ഇന്‍സ്റ്റഗ്രാം സൗഹൃദം പക്ഷേ 19 കാരിയുടെ ജീവനെടുത്തു. വധശ്രമ കേസും ബലാല്‍സംഗ കേസുമാണ് പ്രതി അനൂപിനെതിരെ ചുമത്തിയിട്ടുള്ളത്.

പെണ്‍കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News