വിമാനയാത്ര ജനകീയമാക്കണം: മുഖ്യമന്ത്രി; സിയാല്‍ ഏവിയേഷന്‍ സമ്മിറ്റിന് തുടക്കം

സിയാല്‍ ഏവിയേഷന്‍ സമ്മിറ്റിന് തുടക്കം

Update: 2025-08-23 13:55 GMT

കൊച്ചി: വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവര്‍ത്തന ചെലവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യോമയാന വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് ആസൂത്രിതമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ സഹകരണത്തോടെ സിയാല്‍ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ( കേരള ഏവിയേഷന്‍ സമ്മിറ്റ് 2025) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന ചെലവ് കുറച്ച്, സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വിമാനത്താവളങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവാസികളുടെ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങള്‍ വലിയ പങ്ക് വഹിച്ചു. വ്യോമയാന വ്യവസായത്തില്‍ സിയാല്‍ ജനകീയ മാതൃക തീര്‍ത്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച സിയാല്‍ സാങ്കേതിക വിദ്യാമാറ്റങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. സിവില്‍ ഏവിയേഷന്‍ ഹബ്ബായി മാറാന്‍ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ, പ്രാദേശിക വ്യോമയാന ചര്‍ച്ചകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും നിക്ഷേപ, നവീകരണ സാദ്ധ്യതകള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസ് (എ. പി. എച്ച്. ഒ) യ്ക്കായി സിയാലില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ താക്കോല്‍ദാനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.

മന്ത്രി പി. രാജീവ് അധ്യക്ഷനായ ചടങ്ങില്‍, ചാലക്കുടി എം. പി ബെന്നി ബഹനാന്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാല്‍ ഡയറക്ടര്‍മാരായ അരുണ സുന്ദര്‍രാജന്‍, എന്‍. വി. ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. എസ്. സെന്തില്‍ നാഥന്‍, ഫിക്കി സീനിയര്‍ ഡയറക്ടര്‍ മനോജ് മേത്ത എന്നിവരും പങ്കെടുത്തു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് സ്വാഗതവും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു നന്ദിയും പറഞ്ഞു.

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക,ഡിജിറ്റല്‍ എയര്‍ ട്രാവല്‍, എം ആര്‍ ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏവിയേഷന്‍ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങള്‍, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യും.

ഉച്ചകോടി ഞായറാഴ്ച സമാപിക്കും. ഉച്ചയ്ക്ക് 12 നു നടക്കുന്ന സമാപന സമ്മേളനം, കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.


Tags:    

Similar News