മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ സംഘര്‍ഷം; വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്ക്

മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ സംഘര്‍ഷം; ഒന്‍പത് പേര്‍ക്ക് പരിക്ക്

Update: 2024-09-20 01:01 GMT

തൊടുപുഴ: മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. പ്രവേശന നിരക്ക് സംബന്ധിച്ച തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്‌സല്‍ (32), സഹോദരന്‍ അന്‍സില്‍ (28), ബന്ധുക്കളായ നജ്മ (62), അജ്മി (16), ഷഹാലുദ്ദീന്‍ (58), അന്‍സഫ് (29), ഷാഹിന (22) എന്നിവരെയും ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്തു (30) എന്നിവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലത്തുനിന്ന് 30 പേരടങ്ങുന്ന സംഘമാണെത്തിയത്. എക്കോ പോയിന്റില്‍ ബോട്ടിങ്ങിനായി പണം നല്‍കിയപ്പോള്‍ പ്രവേശനഫീസായി 10 രൂപ കൂടി നല്‍കണമെന്നു ജീവനക്കാര്‍ പറഞ്ഞതാണു തര്‍ക്കത്തിനിടയാക്കിയത്. കൂടുതല്‍ പണം നല്‍കാന്‍ കഴിയില്ലെന്നറിയിച്ച വിനോദസഞ്ചാരികള്‍ അടച്ച തുക തിരികെച്ചോദിച്ചു.

തുക മടക്കിനല്‍കില്ലെന്ന് അറിയിച്ചതോടെ തിരികെപ്പോകാന്‍ തുടങ്ങുമ്പോള്‍ ജീവനക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചെന്നു വിനോദസഞ്ചാരികള്‍ പറയുന്നു. ഇതു ചോദ്യംചെയ്തപ്പോള്‍ എക്കോ പോയിന്റിന്റെ ഗേറ്റ് അടച്ച് മര്‍ദിച്ചെന്നും ആരോപിക്കുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്നു വിനോദസഞ്ചാരികള്‍ പറഞ്ഞു.

Tags:    

Similar News