സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടില്‍ വീണ ഉള്‍പ്പടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം; കോടതി നടപടി ഷോണ്‍ ജോര്‍ജിന്റെ ഹരജിയില്‍

സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടില്‍ വീണ ഉള്‍പ്പടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Update: 2025-07-23 08:38 GMT

കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടില്‍ സിബിഐ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ സിബിഐ, ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

തുടര്‍ന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശമുള്ളവരെക്കൂടി എതിര്‍കക്ഷികളാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ ഹരജിയില്‍ ഷോണ്‍ ജോര്‍ജ് കക്ഷിചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍, എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നിവരുള്‍പ്പെടെയുള്ള 13 കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹരജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

നേരത്തെ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്സാലേജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Tags:    

Similar News