'എമ്പുരാന്‍' സിനിമ എത്തിയതിന് പിന്നാലെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി; പരാതിയില്‍ ഉടന്‍ നടപടി എന്ന് ഡിജിപി

Update: 2025-03-30 07:51 GMT

‘എമ്പുരാന്‍’ സിനിമ എത്തിയതിന് പിന്നാലെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി.

അതേസമയം, എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിര്‍മാതാക്കള്‍ ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിട്ടില്ല. ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാതാക്കള്‍ റീ എഡിറ്റിങ് ആവശ്യം അറിയിക്കേണ്ടത്. എന്നാല്‍ ഇതുവരേയും സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ അപേക്ഷ ലഭിച്ചിട്ടില്ല

റീ എഡിറ്റിങ് ആവശ്യമാണെങ്കില്‍ വോളണ്ടറി മോഡിഫിക്കേഷന്‍ എന്ന രീതിയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്ളത്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന നിര്‍മാതാക്കളുടെ അപേക്ഷയിലാണ് വോളണ്ടറി മോഡിഫിക്കേഷന്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുക. അപേക്ഷ ലഭിക്കുന്ന പക്ഷം സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും കണ്ട ശേഷമാകും ചിത്രത്തിന്റെ പുതിയ പതിപ്പ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക.

മാര്‍ച്ച് 27ന് ആണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ റിലീസിനെത്തുന്നത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദങ്ങള്‍ ആരംഭിച്ചത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഗുജറാത്ത് കലാപവും വില്ലന്റെ പേരുമാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. പിന്നാലെ സിനിമയ്‌ക്കെതിരെയും പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ ഇവര്‍ രംഗത്തെത്തുകയായിരുന്നു.

Tags:    

Similar News