ഹരിതകര്‍മ സേനാംഗത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; എസ്.ഐക്കെതിരെ പരാതി
ഹരിതകര്‍മ സേനാംഗത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; എസ്.ഐക്കെതിരെ പരാതി
കോട്ടയം: പോലീസ് ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ വനിതയെ എസ്.ഐ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു. കോട്ടയം കലക്ടറേറ്റിന് എതിര്‍വശമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ ജോലിക്കെത്തിയ ഹരിതകര്‍മ സേനാംഗമായ ജി. മായക്കാണ് നായ കടിയേറ്റത്. നായയെ അഴിച്ചുവിട്ട മുണ്ടക്കയം സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ അലക്സാണ്ടര്‍ക്കെതിരെ മായ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
ക്വാര്‍ട്ടേഴ്സിലെത്തി കോളിങ്ബെല്‍ അടിച്ചപ്പോള്‍ ജനാല തുറന്നു നോക്കിയശേഷം വീടിനുള്ളില്‍ നിന്നും നായയെ അലക്സാണ്ടര്‍ പുറത്തേക്കു തുറന്നു വിടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ കടിക്കുകയായിരുന്നു. അലക്സാണ്ടര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ അസഭ്യം പറയുകയായിരുന്നെന്ന് മായ പരാതിയില്‍ ആരോപിക്കുന്നു.
കാലില്‍ ആഴത്തില്‍ മുറിവേറ്റ മായ ആശുപത്രിയില്‍ ചികിത്സ തേടി. ഹരിതകര്‍മ സേനാംഗങ്ങളോട് അലക്സാണ്ടര്‍ സഹകരിക്കാറില്ലെന്ന പരാതി മുന്‍പും ഉണ്ടായിട്ടുണ്ട്്. ക്വാര്‍ട്ടേഴ്സില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പൊതുപ്രവര്‍ത്തകനായ ടി.എന്‍ ഹരികുമാര്‍ പറഞ്ഞു. നിരവധി പരാതികള്‍ നല്‍കിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നും ഹരികുമാര്‍ ആരോപിച്ചു.