റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്; ഒഴിവായത് വൻ ദുരന്തം; അന്വേഷണം ആരംഭിച്ച് പൊലീസ്

Update: 2025-12-21 09:39 GMT

കാസർകോട്: കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. യാത്രക്കാരും പ്രദേശവാസികളും നൽകിയ വിവരത്തെത്തുടർന്ന് റെയിൽവേ ജീവനക്കാർ സ്ലാബ് നീക്കം ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അട്ടിമറി സാധ്യത പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.

റെയിൽവേ സ്റ്റേഷൻ്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടെത്തിയത്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഈ കൃത്യത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ വർഷം കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് കയറ്റിവെച്ച സമാനമായ സംഭവം ഉണ്ടായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കുന്ന സ്ത്രീയാണ് അതിന് പിന്നിലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അട്ടിമറി സാധ്യതയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമെ, കരിങ്കല്ല് ചീളുകൾ ട്രാക്കിൽ നിരത്തിവെച്ച സംഭവങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ചുള്ള ഇത്തരമൊരു ശ്രമം ഇത് ആദ്യമായാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News